STHREE SURAKSHA SCHEME

STHREE SURAKSHA SCHEME - KERALA

Sthree Suraksha Scheme

സ്ത്രീ സുരക്ഷാ പദ്ധതി

സംസ്ഥാനത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക് ആശ്വാസമായി കേരള സർക്കാർ ഒരു പുതിയ ധനസഹായ പദ്ധതി പ്രഖ്യാപിച്ചു. "സ്ത്രീ സുരക്ഷാ പദ്ധതി" എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ അർഹരായ ഗുണഭോക്താക്കൾക്ക് പ്രതിമാസം 1000 രൂപ (ആയിരം രൂപ) ധനസഹായം.

നിലവിൽ അപേക്ഷ സീകരിക്കുന്നില്ല ! തുടങ്ങിയാൽ ഉടൻ അറിയിക്കുന്നതാണ്.

 (10-11-2025 )  പഞ്ചായത്ത്‌ സെക്രട്ടറിക്ക് അപേക്ഷ നൽകാൻ ഇപ്പോൾ സാധിക്കില്ല !! വരും ദിവസങ്ങളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ് (സെക്രട്ടറിക്ക് കൃത്യമായ വിജ്ഞാപനം വന്നതിനുശേഷം)

മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്ന 10/11/2025 ൽ ധന വകുപ്പ് പുറപ്പെടുവിച്ച സ.ഉ (അച്ചടി) നം. 142/2025/ധന ഉത്തരവ് പ്രകാരം സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഭാഗമായി അനുവദിച്ചിട്ടുള്ള ധനസഹായത്തിന് അപേക്ഷ സ്വീകരിക്കുന്നത് മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ പരിധിയിൽ വരുന്നതിനാൽ അപേക്ഷ 2025 ഡിസംബർ 13 വരെ സ്വീകരിക്കാൻ പാടില്ല.

പ്രതിമാസം 1000 രൂപയുടെ സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതി. 35 മുതല്‍ 60 വയസ്സ് വരെയുള്ള സ്ത്രീകള്‍ക്കുള്ള സര്‍ക്കാര്‍ പെന്‍ഷന് ആര്‍ക്കെല്ലാമാണ് യോഗ്യത? മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്ന, സ്ത്രീ സുരക്ഷാ പദ്ധതിക്ക് അര്‍ഹത നേടുന്നത് സംബന്ധിച്ച മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

അപേക്ഷകര്‍ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെട്ട 35നും 60നും ഇടയില്‍ പ്രായമുള്ള ട്രാന്‍സ് വുമണ്‍ അടക്കമുള്ള സ്ത്രീകള്‍ ആയിരിക്കണം. നിലവിലെ പെന്‍ഷന്‍ പദ്ധതികളിലൊന്നും അംഗമായിട്ടില്ലാത്തവര്‍ക്കാണ് അവസരം. അതായത് വിധവാ പെന്‍ഷന്‍, അവിവാഹിത പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ മുതലായ ഏതെങ്കിലും സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍, വിവിധതരം സര്‍വീസ് പെന്‍ഷനുകള്‍, കുടുംബ പെന്‍ഷന്‍, ക്ഷേമനിധി ബോര്‍ഡുകളില്‍നിന്നുള്ള കുടുംബ പെന്‍ഷന്‍, ഇപിഎഫ് പെന്‍ഷന്‍, മുതലായവ ലഭിക്കുന്നവര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.

സംസ്ഥാനത്ത് സ്ഥിരതാമസം ഉള്ളവര്‍ക്ക് മാത്രമാണ് ആനുകൂല്യം. സംസ്ഥാനത്തിനകത്ത് നിന്നും താമസം മാറുകയോ, കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ സര്‍വീസ്, കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍, പദ്ധതികള്‍, സര്‍വകലാശാലകള്‍, മറ്റ് സ്വയം ഭരണ/ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവയില്‍ സ്ഥിരമോ അല്ലെങ്കില്‍ കരാര്‍ നിയമനം ലഭിക്കുകയോ ചെയ്യുന്നതോട് കൂടി ആനുകൂല്യത്തിനുള്ള അര്‍ഹത ഇല്ലാതാകും.

ഗുണഭോക്താവ് മരണപ്പെട്ടതിന് ശേഷമുള്ള ആനുകൂല്യത്തിന് അവകാശികള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കില്ല. മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകള്‍ പിന്നീട് നീല, വെള്ള റേഷന്‍ കാര്‍ഡുകള്‍ ആയി തരം മാറ്റപ്പെടുന്ന പക്ഷം പദ്ധതി അനൂകല്യത്തിനുള്ള അര്‍ഹത ഇല്ലാതാകും. ഗുണഭോക്താക്കള്‍ക്ക് ആധാര്‍ അടിസ്ഥാനമാക്കിയുള്ള വാര്‍ഷിക മാസ്റ്ററിങ് ഉണ്ടായിരിക്കും. അനര്‍ഹമായ ആനുകൂല്യം കൈപ്പറ്റുന്നവരില്‍നിന്നും ഇത്തരത്തില്‍ കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം തിരികെ ഈടാക്കും.

പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ ആഗ്രഹിക്കുന്നവര്‍ അതാത് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. പ്രായം തെളിയിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് എന്നിവ ഹാജരാക്കാം. എല്ലാ ഗുണഭോക്താക്കളും പദ്ധതി മാനണ്ഡങ്ങളുടെ പരിധിയില്‍ വരുന്നുണ്ടെന്ന് കാണിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സത്യപ്രസ്താവനയും നല്‍കണം.

2025 നവംബർ 10-ലെ സർക്കാർ ഉത്തരവ് (സ.ഉ.(അച്ചടി)നം.142/2025/ധന) പ്രകാരം പദ്ധതിയുടെ വിശദമായ മാർഗനിർദ്ദേശങ്ങളും മാനദണ്ഡങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ പുതിയ പദ്ധതിയെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം താഴെ നൽകുന്നു.

ആർക്കെല്ലാമാണ് അർഹത? (പൊതു മാനദണ്ഡങ്ങൾ)

ഈ പദ്ധതിയുടെ ഗുണഭോക്താവാകാൻ താഴെ പറയുന്ന മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്:

  • പ്രായപരിധി: 35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകളായിരിക്കണം.

  • ട്രാൻസ് വുമൺ: ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കും ഈ ആനുകൂല്യത്തിന് അർഹതയുണ്ട്.

  • റേഷൻ കാർഡ്: അപേക്ഷകർ അന്ത്യോദയ അന്നയോജന (AAY - മഞ്ഞ കാർഡ്) അല്ലെങ്കിൽ മുൻഗണനാ വിഭാഗത്തിൽ (PHH - പിങ്ക് കാർഡ്) ഉൾപ്പെടുന്ന റേഷൻ കാർഡ് ഉള്ളവരായിരിക്കണം.

  • താമസം: കേരളത്തിൽ സ്ഥിരതാമസമുള്ളവർക്ക് മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുക.

  • പ്രധാന നിബന്ധന: സംസ്ഥാന സർക്കാരിന്റെ മറ്റ് സാമൂഹ്യ ക്ഷേമ പദ്ധതികളിൽ ഒന്നിലും ഗുണഭോക്താക്കൾ ആകാത്തവരായിരിക്കണം.

ആർക്കെല്ലാം ഈ ആനുകൂല്യം ലഭിക്കില്ല? (പ്രധാന അയോഗ്യതകൾ)

താഴെ പറയുന്ന വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ ആനുകൂല്യം ലഭിക്കുന്നതല്ല:

  • മറ്റ് പെൻഷനുകൾ: വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ എന്നിങ്ങനെയുള്ള ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷനുകൾ വാങ്ങുന്നവർ.

  • സർവീസ്/കുടുംബ പെൻഷൻ: വിവിധ തരം സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ക്ഷേമ നിധി ബോർഡുകളിൽ നിന്നുള്ള കുടുംബ പെൻഷൻ, അല്ലെങ്കിൽ ഇ.പി.എഫ് പെൻഷൻ എന്നിവ ലഭിക്കുന്നവർ.

  • സർക്കാർ ജോലി: കേന്ദ്ര/സംസ്ഥാന സർക്കാർ സർവീസിലോ, ഈ സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ, സർവ്വകലാശാലകളിലോ, മറ്റ് സ്വയംഭരണ സ്ഥാപനങ്ങളിലോ സ്ഥിരമായോ കരാർ അടിസ്ഥാനത്തിലോ നിയമനം ലഭിക്കുന്നവർക്ക് അർഹതയുണ്ടായിരിക്കുന്നതല്ല.

  • റേഷൻ കാർഡ് മാറ്റം: നിലവിൽ മഞ്ഞ (AAY) അല്ലെങ്കിൽ പിങ്ക് (PHH) കാർഡ് ഉള്ളവർ, പിന്നീട് അത് നീലയോ വെള്ളയോ ആയി തരം മാറ്റപ്പെട്ടാൽ ആനുകൂല്യത്തിനുള്ള അർഹത ഇല്ലാതാകും.

  • പ്രായപരിധി: ഗുണഭോക്താവ് 60 വയസ്സ് എന്ന പ്രായപരിധി കടക്കുന്ന ദിവസം മുതൽ ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല.

അപേക്ഷിക്കേണ്ട വിധം (മാർഗനിർദ്ദേശങ്ങൾ)

  1. എവിടെ അപേക്ഷിക്കണം? അർഹരായ ഗുണഭോക്താക്കൾ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ (പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ) സെക്രട്ടറിമാർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

  2. അപേക്ഷയോടൊപ്പം നൽകേണ്ട വിവരങ്ങൾ: അപേക്ഷയോടൊപ്പം ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പർ, IFSC കോഡ്, ആധാർ വിവരങ്ങൾ എന്നിവ നിർബന്ധമായും നൽകണം.

  3. നടപടിക്രമം: തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർ അപേക്ഷകൾ പരിശോധിച്ച്, അയോഗ്യരെ ഒഴിവാക്കി യോഗ്യരായവരുടെ പട്ടിക തയ്യാറാക്കും. ഈ പട്ടിക കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനിയ്ക്ക് (KSSP) കൈമാറും. ഇൻഫർമേഷൻ കേരള മിഷന്റെ (IKM) ഡാറ്റാബേസ് കൂടി പരിശോധിച്ച ശേഷം കമ്പനി ഗുണഭോക്തൃ പട്ടിക പൂർത്തീകരിക്കും.

  4. പണം ലഭിക്കുന്ന വിധം: അർഹരായ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനി നേരിട്ട് ധനസഹായം അനുവദിക്കുന്നതാണ്.

സമർപ്പിക്കേണ്ട പ്രധാന രേഖകൾ

  • പ്രായം തെളിയിക്കുന്ന രേഖ: ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, അല്ലെങ്കിൽ പാസ്പോർട്ട് ഇവയിലേതെങ്കിലും ഒന്ന്.

  • പകരമുള്ള രേഖ: മേൽപ്പറഞ്ഞ രേഖകൾ ഒന്നും ഇല്ലാത്തപക്ഷം, മറ്റ് രേഖകൾ ലഭ്യമല്ല എന്നുള്ള അപേക്ഷകരുടെ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന ഡോക്ടർ സർട്ടിഫിക്കറ്റ് പ്രായം തെളിയിക്കാൻ ഉപയോഗിക്കാം.

  • ബാങ്ക് & ആധാർ: ബാങ്ക് പാസ്ബുക്ക് (IFSC കോഡ് സഹിതം), ആധാർ കാർഡ് എന്നിവയുടെ വിവരങ്ങൾ.

  • സത്യപ്രസ്താവന: പദ്ധതിയുടെ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് കാണിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സത്യപ്രസ്താവന അപേക്ഷയോടൊപ്പം നൽകണം.

ഓർത്തിരിക്കേണ്ട മറ്റ് പ്രധാന കാര്യങ്ങൾ

  • വാർഷിക മസ്റ്ററിംഗ്: പദ്ധതി ആനുകൂല്യം തുടർന്നും ലഭിക്കുന്നതിന് ഗുണഭോക്താക്കൾക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള വാർഷിക മസ്റ്ററിംഗ് നിർബന്ധമായിരിക്കും.

  • പിഴ: അനർഹമായി ആരെങ്കിലും ആനുകൂല്യം കൈപ്പറ്റിയിട്ടുണ്ടെന്ന് കണ്ടെത്തിയാൽ, ആ തുക 18% പലിശ സഹിതം തിരികെ ഈടാക്കുന്നതാണ്.

  • തടവ് ശിക്ഷ: ഗുണഭോക്താവ് ഒരു മാസമോ അതിലധികമോ കാലം റിമാൻഡ് ചെയ്യപ്പെടുകയോ ജയിലിൽ അടക്കപ്പെടുകയോ ചെയ്താൽ, പ്രസ്തുത കാലയളവിലെ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കില്ല.

  • മരണാനന്തരം: ഗുണഭോക്താവ് മരണപ്പെട്ടാൽ, അതിനുശേഷമുള്ള ആനുകൂല്യത്തിന് അവകാശികൾക്ക് അർഹതയുണ്ടായിരിക്കുന്നതല്ല.

ഈ പദ്ധതി സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന ആയിരക്കണക്കിന് സ്ത്രീകൾക്ക് വലിയൊരു ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനും നിങ്ങളുടെ തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ബന്ധപ്പെടുക.


കൂടുതൽ വിവരങ്ങൾക്ക് : Sthree Suraksha Scheme Application Model Form PDF 

Sthree Suraksha Scheme

Download Detiles 

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal